ബി എസ് -VI സർട്ടിഫിക്കേഷൻ ലഭിക്കുന്ന ആദ്യ ബൈക്ക് ഉടനെത്തും...

വാഹന വിപണിയിൽ തകർച്ച നേരിടുമ്പോളും 1,78,907 യൂണിറ്റുകൾ വിറ്റഴിച്ച സ്പ്ലെൻഡറാണ് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ഇരുചക്ര വാഹനം.  ബിഎസ്-VI സർട്ടിഫിക്കേഷൻ ലഭിക്കുന്ന ആദ്യത്തെ ബൈക്കും സ്പ്ലെൻഡറാണ്. ഈ വർഷം ജൂൺ 10 ന് ഹീറോ മോട്ടോകോർപ്പ് ഇന്റർനാഷണൽ സെന്റർ ഫോർ ഓട്ടോമോട്ടീവ് ടെക്നോളജിയിൽ (ഐസിഎടി) നിന്ന് സ്പ്ലെൻഡർ ഐസ്മാർട്ട് 110 ന് ബിഎസ്-VI സർട്ടിഫിക്കേഷൻ ലഭിച്ചതായി പ്രഖ്യാപിച്ചിരുന്നു. ഇതോടെ ബിഎസ്-VI സർ‌ട്ടിഫിക്കേഷൻ‌ ലഭിച്ച രാജ്യത്തെ ആദ്യത്തെ ഇരുചക്ര വാഹന നിർമാതാക്കളായി ഹീറോ മോട്ടോകോർപ്പ് മാറി.

പരിഷ്ക്കരിച്ച വാഹനത്തെ ഡീലർഷിപ്പുകളിലേക്ക് അയച്ചിട്ടുണ്ടെങ്കിലും ബൈക്കിനായുള്ള ഔദ്യോഗിക ബുക്കിംഗ് കുറച്ച് മാസങ്ങൾക്ക് ശേഷം മാത്രമേ ഹീറോ ആരംഭിക്കൂ എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ദീപാവലി സീസണിൽ സ്പ്ലെൻഡർ ബിഎസ്-VI നെ പുറത്തിറക്കാനാണ് ഹീറോ ഒരുങ്ങുന്നത്. 2020 ഏപ്രിൽ‌ ഒന്നിന്‌ മുമ്പായി ബി‌എസ്-VI ലേക്ക് മാറുമെന്നും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിലുള്ള സ്പ്ലെൻഡർ ഐസ്മാർട്ട് 110 ന്റെ പ്രാരംഭ വില 56,280 രൂപയാണ്. ബി‌എസ്-VI കംപ്ലയിന്റ് പതിപ്പിലേക്ക് പരിഷ്ക്കരിച്ച മോഡലിന് ഏകദേശം 12 ശതമാനം മുതൽ-15 ശതമാനം വരെ വില വർധനവ് പ്രതീക്ഷിക്കാം. നിലവിലുള്ള മോഡലിനെക്കാൾ 6,000 രൂപ മുതൽ 7,000 രൂപ വരെയായിരിക്കും വില വർധനവ് ഉണ്ടാവുക.  
This vehicle is certified by a4auto.com