'തലയുയർത്തി പുത്തന്‍ 'മള്‍ട്ടിസ്ട്രാഡ 1260 എന്‍ഡ്യൂറോ'

ഡ്യൂക്കാട്ടിയുടെ ഓഫ്‌റോഡ് ശേഷി കൂടിയ അഡ്വഞ്ചര്‍ ടൂറർ മള്‍ട്ടിസ്ട്രാഡ 1260 എന്‍ഡ്യൂറോ ഇനി ഇന്ത്യൻ വിപണിയിൽ. പുത്തൻ ലുക്കിൽ മാത്രമല്ല ബൈക്കിനെ കമ്പനി അടിമുടി പരിഷ്‌കരിച്ചിട്ടുണ്ട്. രണ്ടു നിറങ്ങള്‍ ബൈക്കില്‍ തിരഞ്ഞെടുക്കാം. ഒന്ന് 19.99 ലക്ഷം രൂപ വിലയുള്ള ഡ്യുക്കാട്ടി റെഡ്. മറ്റൊന്ന് 20.23 ലക്ഷം രൂപ വിലയുള്ള സാന്‍ഡ്. 1,262 സിസി ശേഷിയുള്ള ടെസ്റ്റാസ്‌ട്രെറ്റ DVT (ഡ്യുക്കാട്ടി വേരിയബിള്‍ ടൈമിങ്) എഞ്ചിനാണ് മള്‍ട്ടിസ്ട്രാഡ 1260 എന്‍ഡ്യൂറോയുടെ ഹൃദയം. 3,500 rpm -ല്‍ത്തന്നെ എണ്‍പത്തഞ്ചു ശതമാനം ടോര്‍ഖും സൃഷ്ടിക്കാനാകും. 9,500 rpm -ല്‍ 156 bhp കരുത്തും 7,500 rpm -ല്‍ 127 Nm torque -മാണ് ബൈക്കിലെ 1.2 ലിറ്റര്‍ എഞ്ചിന്‍ പരമാവധി കുറിക്കുക. പുതിയ മള്‍ട്ടിസ്ട്രാഡ 1260 എന്‍ഡ്യൂറോയ്ക്ക് വയര്‍ സ്‌പോക്ക് വീലുകളാണ് കമ്പനി നൽകിയിരിക്കുന്നത്. 19 ഇഞ്ച് വലുപ്പം മുന്‍ വീലിനുണ്ട്. പിന്‍ വീലിന് വലുപ്പം 17 ഇഞ്ചും. റൈഡ് ബൈ വയര്‍ ടെക്‌നോളജിക്കൊപ്പമാണ് ബൈക്കിനെ ഡ്യുക്കാട്ടി ആവിഷ്‌കരിക്കുന്നത്. സ്‌പോര്‍ട്, ടൂറിങ്, അര്‍ബന്‍, എന്‍ഡ്യൂറോ എന്നിങ്ങനെ നാലു റൈഡിങ് മോഡുകള്‍ മള്‍ട്ടിസ്ട്രാഡ 1260 എന്‍ഡ്യൂറോയില്‍ തിരഞ്ഞെടുക്കാം.

ഇലക്ട്രോണിക് സെമി ആക്ടിവ് സാക്ക്‌സ് സസ്‌പെന്‍ഷന്‍ യൂണിറ്റാണ് ബൈക്കിന് മുന്നിലും പിന്നിലും. 30 ലിറ്റര്‍ ശേഷി കുറിക്കുന്ന ഇന്ധനടാങ്കായതിനാൽ 450 കിലോമീറ്റര്‍ വരെ ദൂരമോടാന്‍ മള്‍ട്ടിസ്ട്രാഡ 1260 എന്‍ഡ്യൂറോയ്ക്ക് കഴിയും. ബോഷ് കോര്‍ണറിങ് എബിഎസ്, ഡ്യുക്കാട്ടി കോര്‍ണറിങ് ലൈറ്റുകള്‍, ഡ്യുക്കാട്ടി വീലി കണ്‍ട്രോള്‍ തുടങ്ങിയ ഇലക്ട്രോണിക് സംവിധാനങ്ങളെല്ലാം ഇനേര്‍ഷ്യല്‍ മെഷര്‍മെന്റ് യൂണിറ്റാണ് നിയന്ത്രിക്കുക. പ്രത്യേക വെഹിക്കിള്‍ ഹോള്‍ഡ് കണ്‍ട്രോള്‍ സംവിധാനവും ബൈക്കിലുണ്ട്. 5.0 ഇഞ്ചാണ് ബൈക്കിലെ TFT ഡിസ്‌പ്ലേയുടെ വലുപ്പം. ഡ്യുക്കാട്ടി മള്‍ട്ടിമീഡിയ സംവിധാനവും മള്‍ട്ടിസ്ട്രാഡ 1260 എന്‍ഡ്യുറോയിലുണ്ട്. നിലവില്‍ ദില്ലി, മുംബൈ, പൂനെ, അഹമ്മദാബാദ്, ബെംഗളൂരു, കൊച്ചി, കൊല്‍ക്കത്ത, ചെന്നൈ, ഹൈദരാബാദ് നഗരങ്ങളിലെ ഡ്യൂക്കാട്ടി ഡീലര്‍ഷിപ്പുകള്‍ മള്‍ട്ടിസ്ട്രാഡ 1260 എന്‍ഡ്യൂറോ മോഡലിന്റെ ബുക്കിങ് ആരംഭിച്ചുകഴിഞ്ഞു. ഇന്ത്യന്‍ വിപണിയില്‍ ബിഎംഡബ്ല്യു R1250 GS, ട്രയംഫ് ടൈഗര്‍ 1200 XCx എന്നിവരാണ് ഡ്യുക്കാട്ടി മള്‍ട്ടിസ്ട്രാഡ 1260 എന്‍ഡ്യൂറോയുടെ പ്രധാന എതിരാളികള്‍.   
This vehicle is certified by a4auto.com