ശേഷി കുറഞ്ഞതും കരുത്തേറിയതുമായ പുത്തൻ എൻജിനിൽ ഇസൂസു...

 

 

ശേഷി കുറഞ്ഞതും കരുത്തേറിയതുമായ പുത്തൻ എൻജിനിൽ ഇസൂസു പിക് അപ് ട്രക്കായ ഡി മാക്സ് വി ക്രോസിൽ പരിഷ്കാരത്തിനു ജാപ്പനീസ് നിർമാതാക്കളായ ഇസൂസു മോട്ടോർ ഇന്ത്യ ഒരുങ്ങുന്നു. ഇപ്പോഴത്തെ 2.5 ലീറ്റർ ഡീസൽ എൻജിനു പകരം ശേഷി കുറഞ്ഞതും കരുത്തേറിയതുമായ പുതിയ എൻജിൻ അവതരിപ്പിക്കും. മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് ആറ്(ബി എസ് ആറ്) നിലവാരം പുലർത്തുന്ന, 1.9 ലീറ്റർ, നാലു സിലിണ്ടർ, ടർബോ ചാർജ്ഡ് ഡീസൽ എൻജിനാവും ഇനി ‘ഡി മാക്സ് വി ക്രോസി’നു കരുത്തേകുക. പരമാവധി 160 ബി എച്ച് പി കരുത്തും 360 എൻ എം വരെ ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക; നിലവിലുള്ള എൻജിനെ അപേക്ഷിച്ച് 26 ബി എച്ച് പി കരുത്തും 40 എൻ എം ടോർക്കും അധികമാണിത്.

 

ആറു സ്പീഡ് ഓട്ടമാറ്റിക് ഗീയർബോക്സും ഇസൂസു അവതരിപ്പിക്കും. കൂടാതെ പുതിയ ആറു സ്പീഡ് മാനുവൽ ഗീയർബോക്സും രംഗപ്രവേശം ചെയ്യും. മിക്കവാറും അടുത്ത മാസമോ ജൂൺ ആദ്യമോ പുതിയ എൻജിൻ ഘടിപ്പിച്ച ‘ഡി മാക്സ് വി ക്രോസ്’ വിൽപ്പനയ്ക്കെത്തുമെന്നാണു പ്രതീക്ഷ. പുതിയ എൻജിനും ഗീയർബോക്സിനുമൊപ്പം പരിഷ്കരിച്ച ഇൻഫൊടെയ്ൻമെന്റ് സംവിധാനവും ഈ ‘ഡി മാക്സ് വി ക്രോസി’ൽ ഉണ്ടാവും; ആപ്ൾ കാർ പ്ലേ, ആൻഡ്രോയ്ഡ് ഓട്ടോ സഹിതമാവും ഈ ഇൻഫൊടെയ്ൻമെന്റ് സംവിധാനത്തിന്റെ വരവ്. ഇരട്ട എയർ ബാഗോടെ എത്തുന്ന പിക് അപ് ട്രക്കിൽ മുൻസീറ്റ് യാത്രികനു സീറ്റ് ബെൽറ്റ് റിമാൻഡറും സ്പീഡ് അലെർട്ടും കൂടി ലഭ്യമാക്കാനും ഇസൂസുവിനു പദ്ധതിയുണ്ട്.

 
This vehicle is certified by a4auto.com