ബുക്ക് ചെയ്തവര്‍ക്ക് ജാവ ബൈക്കുകള്‍ മാര്‍ച്ച് അവസാന വാരം മുതല്‍

ജാവ, ജാവ ഫോര്‍ട്ടി ടൂ ബൈക്കുകള്‍ ഇന്ത്യയില്‍ അവതരിച്ചത് കഴിഞ്ഞവര്‍ഷം നവംബറിലാണ്. 2019 സെപ്തംബര്‍ വരെയുള്ള യൂണിറ്റുകള്‍ മുഴുവന്‍ ഡിസംബറില്‍ തന്നെ വിറ്റുപോയി. ബുക്ക് ചെയ്തവര്‍ക്ക് മാര്‍ച്ച് അവസാന വാരം മുതല്‍ ജാവ ബൈക്കുകള്‍ ലഭിച്ചുതുടങ്ങുമെന്ന് കമ്പനി വ്യക്തമാക്കി. സെപ്തംബര്‍ വരെയുള്ള യൂണിറ്റുകള്‍ വിറ്റുപോയെങ്കിലും ഇതുവരെ എത്രത്തോളം ബുക്കിംഗ് ബൈക്കുകള്‍ക്ക് ലഭിച്ചെന്ന കാര്യം പുറത്തുവിട്ടിട്ടില്ല. 1.64 ലക്ഷം രൂപയാണ് ജാവയ്ക്ക് വില. ജാവ ഫോര്‍ട്ടി ടൂവിന് വില 1.55 ലക്ഷം രൂപയും. 
ജാവ, ജാവ ഫോര്‍ട്ടി ടൂ ബൈക്കുകള്‍ വിപണിയില്‍ എത്തുക 93 സിസി ലിക്വിഡ് കൂള്‍ഡ് എഞ്ചിനിലാണ്. എഞ്ചിന് 27 bhp കരുത്തും 28 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ഭാരത് സ്റ്റേജ് VI നിര്‍ദ്ദേശങ്ങള്‍ പാലിച്ചാണ് എഞ്ചിനുകളുടെ ഒരുക്കം. ഗിയര്‍ബോക്‌സ് ആറു സ്പീഡ്.  ജാവയില്‍ ബ്ലാക്, മറൂണ്‍, ഗ്രെയ് നിറങ്ങള്‍ അണിനിരക്കും. ജാവ ഫോര്‍ട്ടി ടൂവില്‍ ഹാലീസ് ടിയല്‍, ഗലാറ്റിക് ഗ്രീന്‍, സ്റ്റാര്‍ലൈറ്റ് ബ്ലൂ, ല്യുമോസ് ലൈം, നെബ്യുല ബ്ലൂ, കോമറ്റ് റെഡ് എന്നീ നിറങ്ങളും.വട്ടത്തിലുള്ള ഹെഡ്‌ലാമ്പും ക്രോം ആവരണമുള്ള ഇന്ധനടാങ്കും പുതിയ ജാവ ബൈക്കുകളുടെ പ്രത്യേകതയാണ്, പരന്ന സീറ്റാണ് ബൈക്കുകള്‍ക്ക്. ഇരട്ട പുകക്കുഴലുകള്‍ പഴയ ജാവ ബൈക്കുകളുടെ സ്മരണയുണര്‍ത്തും. ചെയിന്‍ കവര്‍, സ്‌പോക്ക് വീലുകള്‍, വട്ടത്തിലുള്ള ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ എന്നിങ്ങനെ നീളും ജാവ ബൈക്കുകളിലെ ക്ലാസിക്ക് വിശേഷങ്ങള്‍. ജാവ തിരിച്ചുവരുന്നുണ്ടെന്ന് കേട്ടത് മുതല്‍ കാത്തിരിക്കുകയാണ് ബൈക്ക് പ്രേമികൾ.
This vehicle is certified by a4auto.com