അരങ്ങേറ്റത്തിന് മുൻപ് നാലായിരത്തോളം ബുക്കിങ്ങുമായി 'എക്സ്‌യുവി 300'

കോംപാക്ട് എസ് യു വി വിഭാഗത്തിൽ ഫെബ്രുവരി 14ന് അരങ്ങേറ്റത്തിനൊരുങ്ങുന്ന എക്സ് യു വി 300 നേടിയത് നാലായിരത്തോളം ബുക്കിങ്ങെന്നു മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം). ജനുവരി ഒൻപതു മുതലാണു കമ്പനി ബുക്കിങ്ങ് സ്വീകരിച്ചു തുടങ്ങിയത്. കൂടാതെ  അറുപതിനായിരത്തോളം പേർ വാഹനത്തെക്കുറിച്ച് അന്വേഷിച്ചെത്തിയെന്നാണു മഹീന്ദ്രയുടെ അവകാശവാദം. രണ്ട് എൻജിൻ സാധ്യതകളോടെയാവും എക്സ് യു വി 300 എത്തുക; ഒന്നര ലീറ്റർ ഡീസലും 1.2 ലീറ്റർ ടർബോ പെട്രോളും. 1497 സി സി ഡീസൽ എൻജിൻ 3,750 ആർ പി എമ്മിൽ 115 ബി എച്ച് പി വരെ കരുത്തും 1,500 — 2,500 ആർ പി എമ്മിൽ 300 എൻ എം ടോർക്കുമാണു സൃഷ്ടിക്കുക. 1,197 സി സി പെട്രോൾ എൻജിൻ 5,000 ആർ പി എമ്മിൽ 110 ബി എച്ച് പി കരുത്തും 2,000 — 3,000 ആർ പി എമ്മിൽ 200 എൻ എം ടോർക്കും സൃഷ്ടിക്കാനാവും. രണ്ട് എൻജിനുകൾക്കും ആറു സ്പീഡ് മാനുവൽ ട്രാൻസ്മിഷനാവും. 
 
സ്പോർട്ടി രൂപത്തിലാണ് ‘എക്സ് യു വി 300’ എത്തുക. ഏഴ് എയർ ബാഗ്, ഇരട്ട സോൺ ക്ലൈമറ്റ് കൺട്രോൾ, നീളമേറിയ വീൽബേസ്, ഉയർന്ന ടോർക്ക്, നാലു വീലിലും ഡിസ്ക് ബ്രേക്ക് തുടങ്ങിയവയും, പ്രൊജക്ടർ ഹെഡ്ലാംപ്, ടച്സ്ക്രീൻ ഇൻഫൊടെയ്ൻമെന്റ് സംവിധാനം, ഫോളോ മീ ലാംപ്, ഇലക്ട്രിക് സൺറൂഫ്, മുൻ, പിൻ പാർക്കിങ് സെൻസർ, ഓട്ടോ ഡിമ്മിങ് ഇന്റേണൽ റിയർവ്യൂ മിറർ, സ്റ്റീയറിങ് മൗണ്ടഡ് കൺട്രോൾ, ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷൻ സഹിതം ആന്റി ലോക്ക് ബ്രേക്ക്, പവർ വിൻഡോ, എൽ ഇ ഡി ടെയിൽ ലാംപ്, ഇലക്ട്രിക് ടെയിൽഗേറ്റ് റിലീസ്, 12 വോൾട്ട് അക്സസറി സോക്കറ്റ്, ഐസോഫിക്സ് ചൈൽഡ് മൗണ്ട് തുടങ്ങിയവയും വാഹനത്തിൽ കാണാം. ഡബ്ല്യു ഫോർ, ഡബ്ല്യു സിക്സ്, ഡബ്ല്യു എയ്റ്റ്, ഡബ്ല്യു എയ്റ്റ്(ഓപ്ഷനൽ) തുടങ്ങി നാലു വകഭേദങ്ങളിലാണ് എക്സ് യു വി 300 വിൽപ്പനയ്ക്കുണ്ടാവുക.
 
 
This vehicle is certified by a4auto.com