ബുള്ളറ്റിന്റെ എല്ലാ മോഡലുകളിലും 'ഡിസ്‌ക് ബ്രേക്ക്' സുരക്ഷ

സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ബുള്ളറ്റിന്റെ എല്ലാ മോഡലുകളിലും സ്റ്റാന്റേഡായി ബാക്ക് ടയറിലും ഡിസ്‌ക് ബ്രേക്ക് ഒരുക്കി റോയൽ എൻഫീൽഡ്. നിലവിൽ പിന്നിലും ഡിസ്ക് ബ്രേക്ക് നൽകുന്നത് ബുള്ളറ്റ് 350, ബുള്ളറ്റ് 500, ബുള്ളറ്റ് 350 ഇഎസ് മോഡലുകള്‍ക്കാണ്. അടുത്ത സാമ്പത്തിക വർഷം മുതൽ 125 സിസിക്ക് മുകളില്‍ കരുത്തുള്ള ബൈക്കുകളില്‍ സുരക്ഷ ശക്തമാക്കുന്നതിനായുള്ള കേന്ദ്ര സർക്കാർ ഉത്തരവിൻ പ്രകാരമാണ് ഈ നീക്കം. 
 
ഡിസ്‌ക്  ബ്രേക്ക് നല്‍കിയെങ്കിലും സാങ്കേതികമായി മറ്റ് മാറ്റങ്ങളൊന്നും നൽകിയിട്ടില്ല. ബുള്ളറ്റ് 350 മോഡല്‍ 346 സിസിയില്‍ 20 ബിഎച്ച്പി പവറും 28 എന്‍എം ടോര്‍ക്കും, ബുള്ളറ്റ് 500 മോഡല്‍ 499 സിസിയില്‍ 28 ബിഎച്ച്പി പവറും 41.3 എന്‍എം ടോർക്കും ഉല്പാദിപ്പിക്കും. ഈ മോഡലുകളിൽ ഡിസ്‌ക് ബ്രേക്ക് നല്‍കിയെങ്കിലും എ.ബി.എസ് സംവിധാനം ഉൾപ്പെടുത്തിയിട്ടില്ല. എൻഫീൽഡ് പുറത്തു വിടുന്ന റിപ്പോർട്ട് പ്രകാരം 2019 ഏപ്രില്‍ മാസത്തിന് മുമ്പായി ഈ ബൈക്കുകളില്‍ സിംഗിള്‍ ചാനല്‍ എബിഎസ് ഉൾപ്പെടുത്തും. 
 
ഡിസ്‌ക് ബ്രേക്ക് സുരക്ഷയില്‍ എത്തുന്ന ബുള്ളറ്റ് ബൈക്കുകള്‍ക്ക് 1.28 ലക്ഷം മുതല്‍ 1.73 ലക്ഷം രൂപ വരെയാണ് വില മതിക്കുന്നത്.
 
 
 
 
 
 
 
This vehicle is certified by a4auto.com