പുതിയ മാരുതി ഡിസയര്‍- അറിയേണ്ട 10 കാര്യങ്ങള്‍

മാരുതി സുസുക്കിയുടെ ജനപ്രിയ വാഹനമായ ഡിസയറിന്റെ മൂന്നാം തലമുറ മോഡല്‍ കഴിഞ്ഞ ദിവസം നിരത്തിലെത്തി കഴിഞ്ഞു. ഇന്ധനക്ഷമതയും കുറഞ്ഞ വിലയും നോക്കി മാത്രം കാര്‍ തിരഞ്ഞെടുക്കുന്ന ഇന്ത്യന്‍ മനസ്സിനെ തൊട്ടറിഞ്ഞ് ആവശ്യമായ എല്ലാ ചേരുവകളും സഹിതമാണ് ഡിസയറില്‍ വിപണി പിടിക്കാന്‍ മാരുതി എത്തുന്നത്. പുതിയ ഡിസയറിനെക്കുറിച്ച്‌ അറിയേണ്ട ചില കാര്യങ്ങള്‍ നോക്കാം....

 

  1. രാജ്യത്തെ ഏറ്റവുമധികം ഇന്ധനക്ഷമതയുള്ള കാറാണ് പുതിയ ഡിസയര്‍. ഡിസല്‍ പതിപ്പില്‍ 28.40 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് കമ്ബനിയുടെ വാഗ്ദാനം. 28.09 കിലോമീറ്റര്‍ ഇന്ധനക്ഷമതയുള്ള മാരുതിയുടെ തന്നെ സിയാസ് SHVS മോഡലായിരുന്നു ഇക്കാര്യത്തില്‍ നേരത്തെ ഒന്നാമന്‍. പെട്രോള്‍ ഡിസയറിന് 22 കിലോമീറ്റര്‍ മൈലേജും കമ്ബനി ഉറപ്പുനല്‍കുന്നു.
  2. വിലയിലും ഡിസയര്‍ ജനപ്രീതി പിടിച്ചുപറ്റും. 5.45 ലക്ഷം രൂപയാണ് ഡല്‍ഹിയിലെ പ്രാരംഭ വില. പെട്രോള്‍ മോഡലിന് 5.45 ലക്ഷം രൂപ മുതല്‍ 8.41 ലക്ഷം വരെയും ഡീസല്‍ പതിപ്പിന് 6.45 ലക്ഷം രൂപ മുതല്‍ 9.41 ലക്ഷം വരെയുമാണ് ഡല്‍ഹി എക്സ്ഷോറൂം വില.
  3. മൂന്നാം തലമുറ ഡിസയര്‍ LXi/LDi, VXi/VDi, ZXi/ZDi, ZXi+,ZDi+ എന്നീ വേരിയന്റുകളില്‍ ഓട്ടോമാറ്റിക്, മാനുവല്‍ ട്രാന്‍സ്മിഷനില്‍ ലഭ്യമാകും.
  4. ബലേനോയ്ക്ക് സമാനമായി പുതിയ ഹാര്‍ട്ട്ടെക്റ്റ് പ്ലാറ്റ്ഫോമില്‍ നിര്‍മിച്ച ഡിസയര്‍ പെട്രോളിന് 85 കിലോഗ്രാം, ഡിസയര്‍ ഡീസലിന് 105 കിലോഗ്രാം ഭാരവും മുന്‍ മോഡലിനെ അപേക്ഷിച്ച്‌ കുറവാണ്. ഉയര്‍ന്ന ഇന്ധനക്ഷമതയ്ക്ക് ഇത് വഴിവെച്ചു.
  5. കഴിഞ്ഞ തലമുറയെക്കാള്‍ 40 എംഎം വീതി അധികമുണ്ട് ന്യൂജെന്‍ ഡിസയറിന്. കൂടുതല്‍ സുഖകരമായ യാത്രയ്ക്ക് മുന്നില്‍ 20 എംഎം ഷോള്‍ഡര്‍ റൂം, പിന്നില്‍ 30 എംഎം ഷോള്‍ഡര്‍ റൂമും അധികം നല്‍കി.
  6. ദീര്‍ഘദൂര യാത്രകളില്‍ മികച്ച ലഗേജ് സ്പേസ് നല്‍കാനും കമ്ബനി മറിന്നിട്ടില്ല. നേരത്തെയുണ്ടായിരുന്ന 316 ലിറ്റര്‍ ബൂട്ട് സ്പേസ് 378 ലിറ്ററാക്കി ഉയര്‍ത്തി. വില്‍ബേസും വര്‍ധിപ്പിച്ചിട്ടുണ്ട്.
  7. മെക്കാനിക്കല്‍ ഫീച്ചേഴ്സില്‍ മാറ്റമില്ല. 1.2 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ 83 ബിഎച്ച്‌പി കരുത്തും 115 എന്‍എം ടോര്‍ക്കുമേകും. 1.3 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 74 ബിഎച്ച്‌പി കരുത്തും 190 എന്‍എം ടോര്‍ക്കുമേകും.
  8. ബ്ലാക്ക്, ബീജ് ഡ്യുവല്‍ ടോണ്‍ നിറവും 7 ഇഞ്ച് സ്മാര്‍ട്ട്പ്ലേ ടച്ച്‌സ്ക്രീന്‍ സിസ്റ്റവും അകത്തളത്തിന് പൂര്‍ണമായും പുതിയ രൂപം നല്‍കി.
  9. സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കി ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗ്, എബിഎസ് (ആന്റി-ലോക്ക് ബ്രേക്കിങ് സിസ്റ്റം) എന്നിവ വാഹനത്തില്‍ ഉള്‍പ്പെടുത്തി.

ടാറ്റ ടിഗോര്‍, ഫോര്‍ഡ് ആസ്പയര്‍, ഹോണ്ട അമേസ്, ഫോക്സ്വാഗണ്‍ അമിയോ, ഹ്യുണ്ടായി എക്സന്റ്, വരാനിരിക്കുന്ന ഷെവര്‍ലെ എസെന്‍ഷ്യ എന്നിവയാകും ഡിസയറിന്റെ എതിരാളികള്‍.

courtesy :dailyhunt
This vehicle is certified by a4auto.com